കൊല്ലം: ഡല്‍ഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ വി തോമസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി തോമസിനെ ഡൽഹിയിൽ നിയമിച്ചതെന്ന് സതീശൻ ആരോപിച്ചു.
രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നിയമനമാണിത്. ഇതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ല. കെ.വി തോമസിന്റെ ഡൽഹി, ബാംഗ്ലൂർ യാത്രകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം മനസിലാകും. സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ നിരവധി ഇടനിലക്കാരുണ്ട്. അതിൽ ഔദ്യോഗിക ഇടനിലക്കാരനാണ് കെ.വി തോമസെന്നും സതീശൻ ആരോപിച്ചു.
പല കാര്യങ്ങളും ഒത്തുതീര്‍പ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് തോമസിനെ നിയമിച്ചിരിക്കുന്നത്. പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന ഈ നിയമനം എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെലവ് ചുരുക്കണമെന്ന സര്‍ക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോ എന്നും സതീശൻ ചോദിച്ചു.
ഡൽഹിയിൽ കേരളാ സർക്കാറിന്റെ പ്രതിനിധിയായാണ് കാബിനറ്റ് റാങ്കോടെ കെ.വി തോമസിനെ നിയമിച്ചത്. നേരത്തെ, മുൻ എം.പി സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി നിയമിച്ചിരുന്നു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി തോമസ് തൃക്കാക്കരയിൽ എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതോടെയാണ് കോൺഗ്രസ് പുറത്താക്കിയത്.