ന്യൂഡല്‍ഹി: കായിക മന്ത്രാലയവുമായി ഗുസ്തി താരങ്ങൾ നടത്തിയ ചർച്ച പരാജയം. ഇതോടെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുമെന്ന് ഉറപ്പായി. സർക്കാരിൽ നിന്ന് അനുകൂല മറുപടി ഉണ്ടായില്ലെന്നാണ് ഗുസ്തി താരങ്ങൾ പറയുന്നത്. അതിനിടെ ബ്രിജ് ഭൂഷൻ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്.
കായിക മന്ത്രാലയം ഒരു മണിക്കൂറിലധികം ഗുസ്തി താരങ്ങളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ജന്തർ മന്തറിലെ പ്രതിഷേധം തുടരും. ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കുക, പോലീസ് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് താരങ്ങൾ വ്യക്തമാക്കി.
റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റെസ്ലിംഗ് താരങ്ങൾ ഉയർത്തിയത്. ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി റെസ്ലിംഗ് താരം വിനേശ് ഫോഘട്ടാണ് ഉയർത്തി. താനുൾപ്പടെയുള്ള വനിതാ താരങ്ങളെ ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന വിനേശ് ഫോഘട്ടിന്റെ ആരോപണം വലിയ വിവാദമായി.
ഫേഡറേഷൻറെ പ്രവർത്തനത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നു. കായിക താരങ്ങൾക്ക് വേണ്ട സൌകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളിൽ വരെ ഫെഡറേഷൻ കൈകടത്തുന്നുവെന്ന ആരോപണവും കായിക താരങ്ങൾ ഉന്നയിച്ചു. കേന്ദ്ര സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിൻറെ പ്രതികരണം.
ഞായറാഴ്ച അയോധ്യയില്‍ ഗുസ്തി ഫെഡറേഷന്റെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റെസ്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ യോഗം അയോധ്യയില്‍ വെച്ചു അടിയന്തരമായി വിളിക്കാനുള്ള തീരുമാനത്തിലേക്ക് കായിക മന്ത്രാലയം എത്തിയത്. ഈ മാസം 22-നാണ് യോഗം ചേരുക. യോഗത്തില്‍ ബ്രിജ്ഭൂഷണ് കരണ്‍ രാജി പ്രഖ്യാപനം നടത്തുമെന്ന് സൂചനയുണ്ട്.
അതേസമയം, ആരോപണങ്ങള്‍ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ ആരോപണങ്ങള്‍ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രായം കൂടിയതിനാല്‍ താരങ്ങളുടെ കായികക്ഷമത നഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്നുമാണ് റെസ്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ വാദം.