തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെവി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി ലഭിക്കുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോണ്‍ഗ്രസും തോമസും തമ്മിലെ അകല്‍ച്ച വര്‍ദ്ധിച്ചത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനോട് അടുത്തതിനുള്ള രാഷ്ട്രീയ പ്രത്യുപകാരം കൂടിയാണ് പദവി. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം പ്രതിനിധിയായാണ് തോമസെത്തുക. ഒന്നരലക്ഷത്തോളം ശമ്പളം വീടും വാഹനവും പേഴ്സണല്‍ സ്റ്റാഫും തോമസിന് ഉണ്ടാകും. നിലവില്‍ നയതന്ത്രവിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓവര്‍സീസ് പദവിയിലുണ്ട്.