മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയ സംഭവത്തില്‍ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൌണ്ടന്റ് രാജീവ് എന്നിവരെയാണ് അന്വേഷണ വിധേയമായി സംസ്ഥാന ട്രഷറി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്ക് പുറമെ സഹകരണ ജോയിന്റ് രജിസ്റ്റര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.
അതേസമയം, സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിര്‍ണായക സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ പോലും സാധ്യയുണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍. തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ അന്വേഷണറിപ്പോര്‍ട്ട്.