നാദാപുരത്ത് അഞ്ചാംപനി ഭീതി തുടരുന്നു. ഇന്നലെ രണ്ട് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ നാദാപുരത്ത് മാത്രം അഞ്ചാംപനി സ്ഥിരീകരിച്ചവർ 25 ആയി. ഇന്നലെ രണ്ട്, ഏഴ് വാർഡുകളിലാണ് ഓരോ പുതിയ കേസ് റിപ്പോർട്ട് ചെയ്തത്.
ഇതോടൊപ്പം കായക്കൊടി പഞ്ചായത്തിലും ഒരു പുതിയ കേസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നാദാപുരം, പുറമേരി, വളയം, വാണിമേൽ, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി എന്നിവിടങ്ങളിലായി കണ്ടെത്തിയ അഞ്ചാംപനി ബാധിതരുടെ എണ്ണം 36 ആയി. രോഗം കൂടുതൽ കണ്ടെത്തിയ നാദാപുരത്ത് പൗർണമി വായനശാല, ചിയ്യൂർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽനിന്ന് 61 കുട്ടികൾക്ക് അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ നൽകി. നേരത്തേ 65 കുട്ടികൾക്ക് നൽകിയിരുന്നു.