ബെംഗളൂരു: ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയെന്ന് ദൃക്സാക്ഷി പറഞ്ഞതായി റിപ്പോർട്ട്. സംഭവത്തില്‍ തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി.
ബിജെപി ബെംഗളൂരു സൗത് ലോക്സഭാ എം.പി.യാണ് തേജസ്വി സൂര്യ. തേജസ്വി സൂര്യക്കൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരൻ വാതിൽ തുറന്നതിനെ തുടർന്ന് വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകിയിരുന്നു.
2022 ഡിസംബർ 10ന് ചെന്നൈ – ട്രിച്ചി ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എമര്‍ജന്‍സി ഡോറിന് തൊട്ടടുത്തിരുന്ന യാത്രക്കാരനെന്ന നിലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് ഇത് തുറക്കേണ്ടതെന്ന് ജീവനക്കാര്‍ എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ എംപി വാതില്‍ തുറക്കുകയായിരുന്നെന്നാണ് സൂചന. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തന്റെ കൈ തട്ടിയാണ് വാതില്‍ തുറന്നതെന്നും എംപി ഇന്‍ഡിഗോയ്ക്ക് എഴുതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. എംപി എമര്‍ജന്‍സി എക്സിറ്റ് വലിച്ച് തുറന്നതിന് പിന്നാലെ എല്ലാവരെയും വിമാനത്തില്‍ നിന്ന് ഇറക്കി ഒരു ബസിലേക്ക് മാറ്റിയെന്നും യാത്രക്കാരന് പറഞ്ഞു.
ഇന്‍ഡിഗോ അധികൃതരും സിഐഎസ്എഫും സംഭവ സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം പറന്നത്. തേജസ്വി സൂര്യ രേഖാമൂലം മാപ്പ് പറഞ്ഞെന്നും ഇന്‍ഡിഗോ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇതുവരെ ഇന്‍ഡിഗോ തയ്യാറായിട്ടില്ല.
ക്ഷമാപണത്തിന് ശേഷം തേജസ്വി സൂര്യയെ അതേ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തെ മറ്റൊരു സീറ്റിലേക്ക് മാറ്റിയെന്നാണ് വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നത്- “എംപിയെ എമർജൻസി എക്സിറ്റിന് സമീപമുള്ള സീറ്റില്‍ നിന്ന് മാറ്റി. പിന്നിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എം.പിക്കൊപ്പം തമിഴ്നാട് ബി.ജെ.പി പ്രസിഡൻറ് കെ.അണ്ണാമലൈയും ഉണ്ടായിരുന്നു”- യാത്രക്കാരൻ പറഞ്ഞു.