ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പി.യുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് സമാപന പരിപാടിയില്‍ പങ്കെടുക്കുക.
എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്കിയ മറുപടിയിലാണ് സി.പി.ഐ പങ്കെടുക്കുമെന്നറിയിച്ചത്. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം പ്രചോദിപ്പിക്കുന്നതായി ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാജ ചൂണ്ടിക്കാട്ടി.ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 23 പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
30-ാം തീയതി ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര കശ്മീരില്‍ എത്തുന്നത്.
യാത്രയുടെ സമാപന സംഗമത്തില്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സി.പി.ഐ.ക്കു പുറകേ സി.പി.എം., ഡി.എം.കെ., ജെ.ഡി.യു. തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത. സി.പി.ഐ. മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ ഭീഷണിയുണ്ടെന്ന് ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. ചിലയിടങ്ങളിൽ കാൽനടയാത്ര ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.