നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നു വാർഡുകളിൽ ചുരുങ്ങിയ കേസുകളുമായി ആരംഭിച്ച രോഗബാധ സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത് ആരോഗ്യ മേഖലയിൽ കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്. നാദാപുരത്തിനുപുറമെ വളയം, നരിപ്പറ്റ, പുറമേരി, വാണിമേൽ, കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നാദാപുരം ഗവ. യു.പി സ്കൂളിൽ രണ്ടു കുട്ടികൾക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം നാദാപുരത്ത് മാത്രം 23 ആയി.
കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടവ വാർഡ് ഒന്ന് (1), വാർഡ് രണ്ട് (1), വാർഡ് നാല് (2), വാർഡ് ആറ് (7), വാർഡ് ഏഴ് (6), വാർഡ് 11 (1), വാർഡ് 13 (2), വാർഡ് 17 (1), വാർഡ് 19 (2), വാർഡ് 21 (1). പുറമേരി (2), വാണിമേൽ(1), നരിപ്പറ്റ (2), വളയം (2), കാവിലുംപാറ (1), കുറ്റ്യാടി(1), എന്നിവയാണ് മറ്റ് പഞ്ചായത്തിലെ കണക്ക്. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ ജെ.എച്ച്.ഐമാരുടെ നേതൃത്വത്തിൽ 30 അംഗ ആരോഗ്യ വളന്റിയർമാരെ നിയോഗിച്ചു.