ന്യൂ ഡല്‍ഹി: തരൂര്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി എഐസിസി. നേതാക്കള്‍ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി മുന്പോട്ട് പോകണമെന്നും എഐസിസി നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. കെ മുരളീധരന്, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന് അടക്കമുള്ളവര്‍ തരൂരിനെതിരെ ആഞ്ഞടിച്ചിരുന്നു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
എന്നാല്‍ താന്‍ മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചിട്ടില്ലെന്നും ആര് എന്തു പറഞ്ഞാലും പ്രശ്നമില്ലെന്നും നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ ക്ഷണം കിട്ടുന്നതെന്നും ശശി തരൂര്‍ തിരിച്ചടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു.
അതേസമയം, ശശി തരൂര്‍ എംപിയെ ചൊല്ലി എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം തുടരുകയാണ്. പ്രവര്‍ത്തക സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ നിലപാടെടുക്കാനാകാതെ നട്ടംതിരിയുകയാണ് നേതൃത്വം. കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തെത്തുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും.