ലോകകപ്പ് ഹോക്കിയിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ സമനില. കടുത്ത പോരാട്ടത്തിൽ ഇംഗ്ലണ്ടുമായാണ് ഇന്ത്യ സമനിലയിൽ പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകളും ഗോളടിച്ചില്ല. പ്രതിരോധത്തിലും മുന്നേറ്റനിരയിലും ഒത്തിണക്കത്തോടെയാണ് ഇന്ത്യ കളിച്ചത്. നിരവധി ആക്രമണങ്ങൾ ഇംഗ്ലണ്ടിൻെറ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യൻ പ്രതിരോധനിരയുടെ ചെറുത്തുനിൽപ്പ് ഒന്നും ഗോളാക്കാൻ അനുവദിച്ചില്ല.
ഇന്ത്യ, ആദ്യ മത്സരത്തില്‍ സ്പെയ്നിനെ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ട്, വെയ്ല്‍സിനെ തോല്‍പ്പിച്ചാണ് എത്തുന്നത്. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.
ഇനി ഇന്ത്യക്ക് വെയിൽസുമായാണ് മത്സരമുള്ളത്. വെയിൽസ് നേരത്തെ ഇംഗ്ലണ്ടിനോടും സ്പെയിനോടും പരാജയപ്പെട്ടിട്ടുണ്ട്. വെയിൽസിനെ തോൽപ്പിച്ച് ഇന്ത്യക്ക് മുന്നോട്ട് കുതിക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.