തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. കാണികൾ ഇത്രകണ്ട് കുറഞ്ഞത് ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
കായിക മന്ത്രി വി.അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയായി. കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാനും ഇടയുണ്ട്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും ജയേഷ് തിരുവനന്തപുരത്ത് പറഞ്ഞു.
വിവാദങ്ങൾ ചിലർ ഉണ്ടാക്കുന്നതാണ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കെ.സി.എക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങൾ കൊച്ചിയിലേക്ക് മാറ്റണമെന്ന് കെ.സി.എക്ക് ആഗ്രഹമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സ്റ്റേഡിയവും വിക്കറ്റും മികച്ചതാണ്. ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
30000ത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട് കാര്യവട്ടം സ്റ്റേഡിയത്തിന്. എന്നാൽ, 23000 ടിക്കറ്റുകൾ വിൽപനയ്ക്ക് വച്ചതിൽ എണ്ണായിരത്തിനടുത്ത് ടിക്കറ്റുകൾ മാത്രമായിരുന്നു വിറ്റുപോയത്. ഇന്ന് മത്സരം നടക്കുമ്പോൾ ഗാലറിയുടെ വലിയൊരു ഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്.