കൊച്ചി: നടൻ ബാലയുടെ പാലാരിവട്ടത്തെ വീട്ടിൽ അജ്ഞാതർ അതിക്രമിച്ചുകയറിയ സംഭവത്തിൽ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം സിഐ ജോസഫ് സാജൻ അറിയിച്ചു.
സിസി ടിവി ദൃശ്യങ്ങളിൽനിന്ന് കൊല്ലം സ്വദേശിയായ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നും സിഐ പറഞ്ഞു. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറഞ്ഞു. സമീപത്തെ വീട്ടിലെ ഹെൽമറ്റ് ഇതിലൊരാൾ കൈക്കലാക്കിയിരുന്നു. ദിവസങ്ങൾക്കു മുന്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു.