കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ മുരളീധരൻ, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോൾ ജനാധിപത്യമല്ലെയെന്നും കെ മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂരിന് പാര്‍ട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സിയെ അറിയിക്കണം എന്ന നിര്‍ദേശം എല്ലാവര്ക്കും കൊടുത്തിട്ടുണ്ട്, എനിക്കുള്‍പ്പെടെ. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പമെന്നും മുരളീധരന് ആരാഞ്ഞു.
നാല് വര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ശശി തരൂരിനെതിരായ പരാമർശം. എന്നാൽ, മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്നാണ് ശശി തരൂര്‍ തിരിച്ചടിച്ചത്.