പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു.
ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകരജ്യോതി ദശിക്കാം.
പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.
സന്നിധാനത്തിന് പുറമെ പമ്പ ഹിൽട്ടോപ് അടക്കം പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, പടിഞ്ഞാറേ കോളനി തുടങ്ങിയ വ്യൂ പോയിന്റുകളായിരുന്നു ഒരുക്കിയിരുന്നത്. കനത്ത സുരക്ഷയാണ് എല്ലാ വ്യൂ പോയിന്റുകളിലും ഒരുക്കിയിരിക്കുന്നത്.