ന്യൂ ഡല്‍ഹി: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂര്‍ എംപി. താന്‍ കോട്ട് തയ്പ്പിച്ചിട്ടില്ല. ആര് എന്തു പറഞ്ഞാലും പ്രശ്നമില്ലെന്നും നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ ക്ഷണം കിട്ടുന്നതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് അങ്ങനെ ഒരു കോട്ട് ഉണ്ടോ ? അതു പറഞ്ഞവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ മുരളീധരന്, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന് അടക്കമുള്ളവര്‍ തരൂരിനെതിരെ ആഞ്ഞടിച്ചിരുന്നു.