ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. ഈ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം ലഭിച്ചത്. അപ്പം, അരവണ വിൽപ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. കൊവിഡ് സാഹചര്യങ്ങളാൽ നിയന്ത്രങ്ങളേർപ്പെടുത്തിയ കഴിഞ്ഞ രണ്ടു സീസനിലും വരുമാനം കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു.
ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സന്നിധാനത്തിന് ചുറ്റും പർണ്ണശാലകൾ ഉയർന്നു. നാളെ 11 മണിക്ക് ശേഷം പമ്പയിൽ നിന്നുള്ള ഭക്തരുടെ പ്രവേശനം തടയും. ഇന്നലെ മുതൽ എത്തി തുടങ്ങിയ ഭക്തരിൽ പകുതിയും മലയിറങ്ങിയിട്ടില്ല. ഇന്ന് 90,000 പേരാണ് വിർച്വൽ ക്യുവിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നും നാളെയും സ്പോട്ട് ബുക്കിംഗ് ഇല്ല. നാളെ ഉച്ചക്ക് 12 മണി വരെ മാത്രമാണ് സന്നിധാനത്തെക്ക് പ്രവേശനം അനുവദിക്കുക. മകര വിളക്ക് ദർശനത്തിന് സന്നിധാനത്ത് 10000 ഭക്തരെയും പാണ്ടി താവളത്ത് 25000 പേരെയുമാണ് അനുവദിക്കുക.