തിരുവനന്തപുരം: നിർവാഹക സമിതിയിൽ ശശി തരൂരിനെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു. സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടിൽ പ്രവർത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണമെന്നും നിർവാഹക സമിതിയിൽ ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്നും ആരും സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെപിസിസി എക്സിക്യൂട്ടീവിൽ വിമർശനം. സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണെന്നും ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത് സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ഇപ്പോൾ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി യോഗത്തിൽ പറഞ്ഞു. നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ ആലോചിക്കേണ്ട. പാര്‍ട്ടിയില്‍ ഏക സ്വരവും ഏക പ്രവര്‍ത്തന ശൈലിയുമാണ് വേണ്ടതെന്നും സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ശശി തരൂർ എംപി രംഗത്തെത്തി. പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് പറഞ്ഞ തരൂർ ആരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു. കേരളം എൻ്റെ കർമ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വിജയമാണെന്നും ശശി തരൂർ പറഞ്ഞു.