കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
ചെറിയ ലക്ഷ്യമായിരുന്നെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ താളം കണ്ടെത്താതെ പോയപ്പോഴും ക്ഷമയോടെ പിടിച്ച് നിന്ന് ബാറ്റുവീശിയ കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ വിജയശില്‍പ്പി. രാഹുല്‍ 103 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 64 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ശ്രീലങ്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ആക്രമിച്ച് കളിച്ചു. പക്ഷേ അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ മടക്കി ചമിക കരുണരത്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 റണ്‍സെടുത്ത രോഹിത്തിനെ കരുണരത്നെ കുശാല്‍ മെന്‍ഡിസിന്റെ കൈയ്യിലെത്തിച്ചു. കോലി, കുമാരയുടെ പന്തില്‍ ബൗള്‍ഡായി. ശ്രേയസ് കശുന്‍ രജിതയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ (36)- രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്ത റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഹാര്‍ദിക്കിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കരുണാരത്നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. പിന്നീടെത്തിയ അക്സര്‍ പട്ടേല്‍ (21) നിര്‍ണായക ഘട്ടത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ രാഹുല്‍ ഒരറ്റത്ത് ഉറച്ച് നിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. കുല്‍ദീപ് യാദവ് (10) പുറത്താവാതെ നിന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാരയും ചമിക കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കസുന്‍ രജിതയും ധനഞ്ജയ ഡി സില്‍വയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള് ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് പൊരുതിയ ദുനിത് വെല്ലാലാഗെ ടീം സ്കോര്‍ 200 കടക്കുന്നതിന് സഹായിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന് മാലിക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.