ജബൽപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ പടേരിയയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. രാജ്യത്തിന്റെ പ്രധാനമനന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഇകഴ്ത്തിക്കാണിക്കുന്നതും ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ ബെഞ്ചാണ് പടേരിയയുടെ ജാമ്യാപേക്ഷ തള്ളിയത്.
”മോദിയെ കൊല്ലാൻ തയ്യാറാകൂ… മോദി തെരഞ്ഞെടുപ്പ് എന്ന സംവിധാനം തന്നെ അവസാനിപ്പിക്കും, ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ മോദി വിഭജിക്കും”- പവായിയിൽ നടന്ന യോഗത്തിൽ പടേരിയ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 451(വീട്ടിൽ അതിക്രമിച്ച് കടക്കൽ) 504(ബോധപൂർവമായ അവഹേളനം) 505 (ഉപദ്രവകരമായ പരാമർശങ്ങൾ) 506,(ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 117(പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം പടേരിയയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
2022 ഡിസംബർ 13നാണ് ദാമോ ജില്ലയിലെ ഹതാ പട്ടണത്തിലെ വസതിയിൽ നിന്ന് പടേരിയയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാജ പടേരിയ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.