തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നേതാക്കൾ സ്ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും കെ.സുധാകരൻ നിർവാഹക സമിതി യോഗത്തിൽ വ്യക്തമാക്കി.
സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണ്. ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ ചോദിച്ചു.
വ്യക്തികൾ സ്വയം തീരുമാനിച്ച് പ്രവർത്തിക്കാനാണെങ്കിൽ പാർട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ അതു വ്യക്തമാക്കുന്നതിൽ തടസ്സമില്ല. സംഘടനാ കാര്യങ്ങളിൽ നേതാക്കൾ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാർട്ടി അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി. എംപിയാകാനില്ലെന്നും സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ചില നേതാക്കൾ പരസ്യമായി പ്രതികരിച്ചതോടെയാണ് നേതൃത്വം ഇടപെടുന്നത്.
എം.പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാമെന്ന് എം.എം ഹസൻ പറഞ്ഞു. ശശി തരൂർ, ടി.എൻ പ്രതാപൻ തുടങ്ങിയവർ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് കെ.പി.സി.സി എക്സിക്യൂട്ടീവിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നത്.