ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമാകും . പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മകരവിളക്കിന് സന്നിധാനത്ത് എത്തും.
67 വർഷമായി തിരുവാഭരണ പേടകങ്ങൾ വഹിക്കുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലാവും ഇത്തവണയും തിരുവാഭരണങ്ങൾ സന്നിധാനത്ത് എത്തിക്കുക. അവസാനവട്ട ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് തിരുവാഭരണ ഘോഷയാത്രയ്ക്കായി പന്തളം ഒരുങ്ങിയിരിക്കുന്നത് . സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ പുലർച്ചെ നാലരയോടെ ക്ഷേത്രത്തിലെത്തിച്ചു.
12 മണിയോടെ നടക്കുന്ന ഉച്ചപൂജക്ക് ശേഷമാവും ഘോഷയാത്രയ്ക്ക് തുടക്കമിട്ടു കൊണ്ട് ആചാരപരമായ ചടങ്ങുകൾ ആരംഭിക്കുക . കഴിഞ്ഞ 67 വർഷങ്ങളായി തിരുവാഭരണ ഘോഷയാത്രയുടെ ഭാഗമായിരുന്ന ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലാണ് ഇത്തവണയും തിരുവാഭരണങ്ങൾ ശബരിമലയിലെത്തിക്കുക.
ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പന്തളത്തു നിന്നും പുറപ്പെടുന്ന ഘോഷയാത്ര വിവിധ സ്വീകരണ കേന്ദ്രങ്ങൾ താണ്ടി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലാവും ഇന്ന് വിശ്രമിക്കുക . നാളെ ളാഹാ സത്രത്തിൽ വിശ്രമിക്കുന്ന ഘോഷയാത്ര 14ന് വൈകിട്ട് അഞ്ചരയോടു കൂടിയാവും ശരംകുത്തിയിലെത്തുക. മൂന്നു ദിവസങ്ങളിലായി നടക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വൻ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത് . കർശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ സേനാംഗങ്ങളും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.