തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് വിവാദത്തിൽ വിശദീകരണം തേടി ബിസിസിഐ. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ വിശദീകരണം തേടിയത്. എന്നാൽ ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്ന് കെസിഎ മറുപടി നൽകി.
വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോര്‍പ്പറേഷൻ ഉയര്‍ത്തിയതും തുടര്‍ന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശവും അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മറുപടി ആവശ്യപ്പെട്ടത്. വിവാദങ്ങൾ അനാവശ്യമാണെന്നും ചില ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നും കെ സി എ മറുപടി നൽകി.
കഴിഞ്ഞതവണ സ്റ്റേഡിയത്തിലെ വൈദ്യുതി കെ എസ് ഇ ബി വിഛേദിച്ചതിലും ബി സി സി ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങൾ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്രാ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.
പട്ടിണികിടക്കുന്നവര്‍ ക്രിക്കറ്റ് കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ ന്യായീകരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ പ്രസ്താവന നടത്തിയത്. ഇതാണ് വിവാദമായത്.