മുംബൈ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ സീസൺ നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ സൗരവ് ഗാംഗുലി. പന്ത് ഐപിഎല്ലിനുണ്ടാവില്ലെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ താരത്തിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘‘ഋഷഭ് പന്ത് അടുത്ത ഐപിഎല്ലിൽ കളിക്കില്ല. അടുത്ത സീസണിൽ ഡൽഹിക്ക് മികച്ച പ്രകടനം നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ പന്തിന്റെ പരുക്ക് ടീമിനു തിരിച്ചടിയാണ്.’’– ഗാംഗുലി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പന്തിന്റെ അഭാവത്തിലും ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബർ 30ന് പുലർച്ചെയാണ് മാതാവിനെ കാണാൻ വീട്ടിലേക്കു പോകുംവഴി റൂർക്കിക്കു സമീപത്തുവച്ച്, ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടത്. കൈക്കും കാലിനും സാരമായ പരുക്കേറ്റ താരം ഇപ്പോൾ മുംബൈയിൽ ചികിത്സയിലാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. താരത്തിന് ഐപിഎൽ നഷ്ടമായാൽ ഡൽഹി പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും. മാർച്ച് അവസാനമോ, ഏപ്രിലിലോ ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾക്കു തുടക്കമാകുമെന്നാണു വിവരം.