ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. തകർത്തെറിഞ്ഞ മുഹമ്മദ് സിറാജിനു മുന്നിൽ അവിഷ്ക ഫെർണാണ്ടോയും (5) കുശാൽ മെൻഡിസും വീണപ്പോൾ സ്കോർ ബോർഡിൽ വെറും 23 റൺസ്. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും പാത്തും നിസങ്കയും ചേർന്ന് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്കയെ (23) പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്.
ആക്രമിച്ചുകളിച്ച ഡിസിൽവ നിസങ്കയ്ക്കൊപ്പം 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 40 പന്തുകളിൽ 47 റൺസെടുത്ത ഡിസിൽവയെ പുറത്താക്കിയ ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിനിടെ 57 പന്തുകളിൽ നിസങ്ക ഫിഫ്റ്റി തികച്ചു. ഇതിനിടെ നിസങ്കയെ (72) ഉമ്രാൻ മാലിക് മടക്കിഅയച്ചു. ഹസരങ്ക കൂറ്റനടികളുമായി കളി തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും 16 റൺസ് നേടിയ താരത്തെ ചഹാൽ പുറത്താക്കി. ദുനിത് വെല്ലെലെഗെയെ (0) പുറത്താക്കിയ ഉമ്രാൻ 3 വിക്കറ്റ് നേട്ടം തികച്ചു. ചമിക കരുണരത്നെയെ (14) ഹാർദിക് പാണ്ഡ്യ പുറത്താക്കി. ശാനക 50 പന്തുകളിൽ ഫിഫ്റ്റിയും 87 പന്തിൽ സെഞ്ചുറിയും നേടി. ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ ബൗണ്ടറിയടിച്ചാണ് ശാനക സെഞ്ചുറി തികച്ചത്. ഓവറിൽ ഷമി ശാനകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയെങ്കിലും (മങ്കാദിംഗ്) ക്യാപ്റ്റൻ രോഹിത് ശർമ അപ്പീൽ പിൻവലിച്ചു. 9ആം വിക്കറ്റിൽ ശാനകയും രാജിതയും ചേർന്ന് അപരാജിതമായ 100 റൺസാണ് കൂട്ടിച്ചേർത്തത്.
ഇന്ത്യക്ക് വേണ്ടി ഉംറാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്തിയപ്പോല്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത അമ്പത് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 373 റൺസ് അടിച്ചെടുത്തു. ഒന്നാം വിക്കറ്റിൽ നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 143 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 67 പന്തിൽനിന്ന് മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും സഹിതം രോഹിത് 83 റണ്‍സ് അടിച്ചെടുത്തു. അരങ്ങേറ്റ മത്സരം കളിച്ച ദിൽഷൻ മധുശങ്കയുടെ പന്തിൽ നായകൻ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. 60 പന്ത് നേരിട്ട ഗിൽ 11 ബൗണ്ടറികൾ നേടി. ശനകയാണ് ഗില്ലിനെ വിക്കറ്റിനു മുമ്പിൽ കുടുക്കിയത്.
വൺഡൗണായെത്തിയ വിരാട് കോഹ്‌ലി 47 പന്തിൽനിന്നാണ് അർധശതകം പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ, 37-ാം ഓവറിൽ സ്‌കോർ 52ൽ നിൽക്കെ കോഹ്‌ലിക്ക് ജീവൻ കിട്ടി. രജിതയുടെ പന്തിൽ മെൻഡിസാണ് കോഹ്‌ലിയെ കൈവിട്ടത്. 43-ാം ഓവറിലും കോഹ്‌ലി ജീവൻ നീട്ടിയെടുത്തു. ഇത്തവണ എക്‌സ്ട്രാ കവറിൽ രജിതയുടെ പന്തിൽ ശനകയാണ് ക്യാച്ച് കൈവിട്ടത്. 87 പന്തുകളിൽ നിന്ന് 12 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയിലാണ് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
28 റൺസുമായി ശ്രേയസ് അയ്യരും 39 റൺസുമായി കെഎൽ രാഹുലും കോഹ്‌ലിക്ക് പിന്തുണ നൽകി. ഹർദിക് പാണ്ഡ്യ 14 ഉം അക്‌സർ പട്ടേൽ ഒമ്പതും റൺസെടുത്തു. ലങ്കയ്ക്കായി കസുൻ രജിത ഒമ്പത് ഓവറിൽ 84 റൺസ് വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി.