ഇസ്ലാമാബാദ്: കോടതിയലക്ഷ്യ കേസില്‍ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇന്‍സാഫിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നിസാർ ദുർറാനിയുടെ നേതൃത്വത്തിലുള്ള, പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാലംഗ ബെഞ്ചാണ് ഇമ്രാൻ ഖാനും സഹായികളായ ഫവാദ് ചൗധരിക്കും ആസാദ് ഉമറിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പാക് തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയ്ക്കും എതിരായ പാകിസ്താൻ തെഹ്രീകെ ഇന്‍സാഫ് നേതാക്കളുടെ പരാമർശങ്ങളാണ് കേസിന് ആധാരം.
കമ്മീഷനും സിക്കന്ദർ രാജയ്ക്കും പക്ഷപാത നയമാണെന്നും പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്)നെ അനുകൂലിക്കുന്നുവെന്നും ആരോപിച്ച് പി.ടി.ഐ നേതാക്കൾ നടത്തിയ വിമർശനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി ഇവർക്ക് നോട്ടീസ് അയച്ചിരുന്നു.
തങ്ങൾക്ക് മുമ്പിൽ ഹാജരാവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ടി.ഐ നേതാക്കൾക്ക് അന്തിമ അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ നേതാക്കൾ ഹാജരായിരുന്നില്ല. ചൊവ്വാഴ്ച നടന്ന വാദത്തിന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള ഇവരുടെ അപേക്ഷകൾ കമ്മീഷൻ തള്ളുകയും 50,000 രൂപ വീതമുള്ള ജാമ്യ ബോണ്ടുകളിന്മേൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.
ജനുവരി 17ന് കേസിൽ വീണ്ടും വാദം കേൾക്കും.