തിരുവനന്തപുരം: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളം ആദ്യദിനം മത്സരമവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ സച്ചിന് ബേബിയാണ് കേരളത്തെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
പരുക്കേറ്റ സഞ്ജു സാംസൺ വീണ്ടും പുറത്തിരുന്നപ്പോൾ രോഹൻ കുന്നുമ്മൽ, ഷോൺ റോജർ, എൻപി ബേസിൽ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല. എംഡി നിഥീഷ്, വത്സൽ ഗോവിന്ദ്, സൽമാൻ നിസാർ എന്നിവർ പകരമെത്തി.
തകർച്ചയോടെയാണ് കേരളം തുടങ്ങിയത്. രോഹൻ കുന്നുമ്മലിൻ്റെ അഭാവനത്തിൽ പൊന്നം രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ജലജ് സക്സേന (8), പൊന്നം രാഹുൽ (0), രോഹൻ പ്രേം (1), വത്സൽ ഗോവിന്ദ് (1) എന്നിവർ സ്കോർബോർഡിൽ 19 റൺസ് മാത്രമുള്ളപ്പോൾ പവലിയനിലെത്തി. അവിടെനിന്നാണ് കേരളം പൊരുതിത്തുടങ്ങിയത്.
ഒരു ഘട്ടത്തില്‍ വെറും 19 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്ന് കേരളത്തെ സച്ചിന് ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. താരം 235 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 133 റണ്‍സ് നേടി പുറത്താവാതെ നില്ക്കുന്നു. 29 റണ്‍സുമായി നായകന് സിജോമോന്‍ ജോസഫാണ് സച്ചിനൊപ്പം ക്രീസിലുള്ളത്.
സര്‍വീസസിനായി ദിവേഷ് ഗുരുദേവ് പത്താനിയ, പി.എസ്. പൂനിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍പിതും രജത് പാലിവാലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.