ലിസ്ബണ്‍: ലോകകപ്പിലെ തോൽവിക്ക് ശേഷം പോർച്ചുഗൽ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ. ഫെർണാണ്ടോ സാന്റോസിന്റെ പകരക്കാരനായി റൊബർട്ടോ മാർട്ടിനസിനെയാണ് നിയമിച്ചത്. പുതിയ കോച്ചായി റോബർട്ടോ മാർട്ടിനസിനെ നിയമിച്ച കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പോർച്ചുഗൽ ടീം ആരാധകരെ അറിയിച്ചത്.
‘ലോകത്തെ മികച്ച താരങ്ങളുള്ള ടീമുകളിലൊന്നിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. അതിന്റെ വലിയ ആകാംക്ഷയുണ്ട്. പോര്‍ച്ചുഗലിലേക്കുള്ള എന്റെ വരവില്‍ വലിയ പ്രതീക്ഷകളും ദൗത്യങ്ങളുമുണ്ട്. മികച്ച ടീമിനും ഫെഡറേഷനുമൊപ്പം ആ ലക്ഷ്യങ്ങളെല്ലാം നേടാനാകുമെന്നാണ് പ്രതീക്ഷ’ എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രതികരിച്ചു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പദ്ധതികളിലുണ്ടെന്നും ഓഫീസിലല്ല, മൈതാനത്ത് തീരുമാനമെടുക്കുന്ന പരിശീലകനാണ് താനെന്നും മാര്‍ട്ടിനസ് വ്യക്തമാക്കിക്കഴിഞ്ഞു.
മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്ക് പിന്നാലെയാണ് സാന്റോസിന്റെ കസേര തെറിച്ചത്. അതേസമയം ആറ് വര്‍ഷം ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച മാര്‍ട്ടിനസ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ പടിയിറങ്ങുകയായിരുന്നു.
മാർട്ടിനസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം കളിച്ച 80 മത്സരങ്ങളിൽ 56 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. 13 സമനിലകളും 11 തോൽവിയും നേരിട്ടു. 2018 ലെ ലോകപ്പിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് വലിയ നേട്ടം. സ്വാൻസീ സിറ്റി, വിഗാൻ അത്ലെറ്റിക്, എവർട്ടൺ തുടങ്ങിയ ക്ലബ്ലുകളേയും മാർട്ടിനസ് പരിശീലിപ്പിച്ചിട്ടുണ്ട്.