കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. യൂത്ത് കോൺഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും വിമർശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുന്നു. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനം.
ജനകീയ വിഷയങ്ങളിൽ സംഘടന നിലപാട് എടുക്കാറില്ല. നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ് മാറി. ഷാഫിയുടെ കീഴിൽ സംഘടന നിർജീവമാണെന്നും താഴേത്തട്ടിൽ യൂണിറ്റുകൾ പോലുമില്ലെന്നും യോഗം ആക്ഷേപമുന്നയിച്ചു.
ശശി തരൂരിന്റെ പൊതുപരിപാടികളുമായി ബന്ധപ്പെട്ട് സംഘടന സ്വീകരിച്ച നിലപാടിനെ വിമർശിച്ച പ്രവർത്തകർ, മൃദുഹിന്ദുത്വം സംബന്ധിച്ച എ.കെ. ആന്റണിയുടെ പ്രസ്താവനയിൽ ഷാഫി പ്രതികരിക്കാത്തതിനെതിരെയും വിമർശനം ഉന്നയിച്ചു.
കോൺഗ്രസിലെ മാറിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ പ്രതിഫലനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രസ്താവിച്ചു. ഇതിനിടെ, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാമെന്ന് ഷാഫി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിലുറച്ച് നിൽക്കുന്നവരാണ് ഷാഫിക്കെതിരെ വിമർശനമുയര്‍ത്തിയത്.
കെപിസിസി പ്രസിഡന്റ് കെസുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. എന്നാലിതിനെ സുധാകരൻ അനുകൂലികൾ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ കൊണ്ടാണ് പാർട്ടിക്ക് ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റി മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിണ്ടൻറുമാരായ നുസൂറിൻ്റെയും ബാലുവിൻ്റെയും നടപടി പിൻവലിക്കാത്തതിലും വിമർശനമുയര്‍ന്നു.
എൻഎസ് നുസൂറിന്റെയും എസ്എം ബാലുവിന്റെയും സസ്പെൻഷൻ പിൻവലിക്കാത്തതിലും വിമർശനം ഉണ്ടായി. നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് സംസഥാന കമ്മിറ്റി വിമർശിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയാമെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മറ്റിയിൽ ഷാഫി വ്യക്തമാക്കി. കെ ശബരിനാഥനെതിരെയും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു.