കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു

 

ഡല്‍ഹി:കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് 2022-ലെ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, കെകെഇഎം ജനറല്‍ മാനേജര്‍ സ്‌കില്ലിങ് പി.എം. മുഹമ്മദ് റിയാസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡയറക്ടര്‍ അജിത്കുമാര്‍ ആര്‍ എന്നിവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഡിജിറ്റല്‍ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്‍മാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിനുമായി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, വകുപ്പ് സെക്രട്ടറി അല്‍കേഷ്‌കുമാര്‍ ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തെ നോളജ് ഇക്കോണമിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാണ് കേരള നോളജ് ഇക്കോണമി മിഷന്‍ കെ-ഡിസ്‌ക് രൂപീകരിച്ചത്. മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യമമാണ് ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം. ഇതിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. അഭ്യസ്ഥവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും തൊഴിലിടങ്ങളില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുമാണ് പ്ലാറ്റ്ഫോമിലൂടെ നോളജ് ഇക്കോണമി മിഷന്റെ ശ്രമം. നിലവില്‍ 11.35 ലക്ഷം തൊഴില്‍കാംക്ഷികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 3,54,759 ജോലി ഒഴിവുകള്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉദ്യമത്തിനുള്ള അംഗീകാരമാണ് പ്ലാറ്റിനം പുരസ്‌കാരമെന്ന് ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.