ദുബായ്: ഇന്ത്യൻ വനിതാ ടെന്നീസ് സൂപ്പർ താരം സാനിയ മിർസ അടുത്ത മാസം നടക്കുന്ന ദുബായ് ചാമ്പ്യൻഷിപ്പോടെ കോർട്ടിനോട് വിടപറയും. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പോടെ റിട്ടയർ ചെയ്യുമെന്ന് സാനിയയാണ് അറിയിച്ചത്. കഴിഞ്ഞ വർഷം സാനിയ വിരമിക്കൽ തീരുമാനം അറിയിച്ചിരുന്നു.
എന്നാൽ, പരിക്കിനെത്തുടർന്ന് യുഎസ് ഓപ്പണിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നതോടെയാണ് വിരമിക്കൽ വൈകിയത്. ഈ മാസം 16ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ കളിക്കുന്നുണ്ട്. ആറ് ഗ്രാൻസ്ലാം ഡബിൾസ് കിരീടം നേടിയ സാനിയയുടെ അവസാന ഗ്രാൻസ്ലാം പോരാട്ടമാണ് ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ.
2005ൽ ഡബ്ല്യു.ടി.എ കിരീടം നേടിയതോടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്. 2007 ഓടെ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 30ൽ എത്തി. 27 ആയിരുന്നു കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്. ഡബിൾസിലെ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്ത്രേലിയൻ ഓപൺ മിക്സഡ് വിഭാഗത്തിലായിരുന്നു. 2012ൽ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനൊപ്പം യു.എസ് ഓപൺ കിരീടവും നേടി. 2015ൽ മാർടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് നേടിയത്.