ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 91 റൺസിന് മത്സരം വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 16.4 ഓവറിൽ 137 റൺസിന് എല്ലാവരും പുറത്തായി. 23 റൺസ് വീതം നേടിയ കുശാൽ മെൻഡിസും ദസുൻ ശാനകയുമാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർമാർ. ധനഞ്ജയ ഡിസിൽവ 22 റൺസ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ലങ്ക കളി കൈവിടുകയായിരുന്നു. പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 4.5 ഓവറില്‍ 44 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീട് വന്ന ആര്‍ക്കും തന്നെ ആവശ്യമായ റണ്റേറ്റിനൊത്ത് ബാറ്റ് വീശാനാകാതിരുന്നതോടെ ലങ്കയ്ക്ക് പിന്നീടുള്ള ഓവറുകള്‍ ചടങ്ങ്തീര്ക്കല് മാത്രമായി.
15 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത മെന്‍ഡിസിനെ മടക്കി അക്ഷര്‍ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 17 പന്തില്‍ നിന്ന് 15 റണ്‍സുമായി നിസ്സങ്കയും മടങ്ങി. വമ്പനടിക്കാരന്‍ അവിഷ്ക ഫെര്‍ണാണ്ടോയും (1) തീര്‍ത്തും നിരാശപ്പെടുത്തി. പിന്നീടെത്തിയവരില്‍ ധനഞ്ജയ ഡിസില്‍വയും (22), ചരിത് അസലങ്കയും (19), ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും (23) മാത്രമാണ് അല്പമെങ്കിലും പൊരുതിയത്.
വാനിന്ദു ഹസരംഗ (9), ചമിക കരുണരത്നെ (0), മഹീഷ് തീക്ഷണ (2), ദില്ഷന് മധുഷങ്ക (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസാണ് നേടിയത്. 112 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശുഭ്മൻ ഗിൽ (46), രാഹുൽ ത്രിപാഠി (35) എന്നിവരും തിളങ്ങി.
ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷങ്ക രണ്ട് വിക്കറ്റും കസുൻ രജിത, ചാമിക കരുണരത്ന, വനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.