തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്ന് 26 കടകള്‍ പൂട്ടിച്ചു. 440 കടകളിലാണ് പരിശോധന നടന്നത്. 115 കടകൾക്ക് നോട്ടീസ് നൽകി. നാല് ദിവസത്തെ പരിശോധനയിൽ അടച്ചു പുട്ടിയ 139 സ്ഥാപനങ്ങളിൽ പകുതിയിലധികവും ലൈസൻസ് ഇല്ലാത്തവയാണ്.
ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്‍റെ പരാതി.
മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 31 നാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവ ഓര്ഡര്‍ നല്‍കിയത്. പിറ്റേന്ന് ദേഹാസ്വാസ്തം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഇന്നലെ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ കണ്ടെത്തൽ. നാല് ദിവസത്തെ പരിശോധനയിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിച്ച 75 കടകളാണ് അടച്ചുപൂട്ടിയത്.