കോഴിക്കോട്: അടുത്ത സ്കൂൾ കലോത്സവത്തിന് മാംസാഹാരം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
അടുത്തവർഷം മുതൽ മാംസാഹാരം നൽകുമെന്നു മന്ത്രി പറഞ്ഞു. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.
“എൻ്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് ഇവിടെ സൂചിപ്പിക്കുകയാണ്. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നുള്ള കാര്യം സൂചിപ്പിക്കുന്നു. എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും.”- മന്ത്രി പറഞ്ഞു.
സ്കൂൾ കലോത്സവ പ്രതിഭകൾ പിന്നീട് എവിടെയെത്തിയെന്ന അന്വേഷണം നടത്തുമെന്നും ശിവൻകുട്ടി പറഞ്ഞു. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാൻ കഴിഞ്ഞു. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഈ മേള ഏറെ ശ്രദ്ധേയമായി. അക്കാര്യത്തിൽ സംഘാടക സമിതി ഏറ്റവും മികച്ച രീതിയിൽ ആണ് പ്രവർത്തിച്ചത്.സംഘാടക സമിതി ചെയർമാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനോടും അദ്ദേഹത്തിന്റെ ഓഫീസിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്കൂൾ കലോത്സവത്തെയും ടൂറിസത്തെയും പണ്ടെങ്ങുമില്ലാത്തവണ്ണം പരസ്പരം ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണെന്നും ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നില്ലെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നടന്നു. വർഷങ്ങളായി കലോത്സവ പാചകപ്പുരയിൽ ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെയായിരുന്നു വിമർശനം. എന്നാൽ, സർക്കാർ നൽകുന്ന മെനു അനുസരിച്ചാണ് ഭക്ഷണം നൽകുന്നതെന്നും നോൺ വെജ് വേണമെന്ന് സർക്കാർ പറഞ്ഞാൽ അത് നൽകുമെന്നും പഴയിടം പ്രതികരിച്ചു. കായികമേളയിൽ നോൺ വെജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ അടുത്ത കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും അറിയിച്ചു.