തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ അംഗത്വത്തില്‍ ഷാറൂഖ് ഖാന്റെയും മമ്മൂട്ടിയുടെയും അടക്കം പേരുകള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ അംഗത്വ പട്ടികയിലാണ് മമ്മൂട്ടിയും ഷാറുഖും ആസിഫ് അലിയും മിയ ഖലീഫയും ഇടം പിടിച്ചത്. സംഭവത്തില്‍ മുസ്ലീംലീഗ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കഴിഞ്ഞ മാസം 31നാണ് കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം പൂര്‍ത്തിയായത്.
വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്ഡും നല്‍കിയിരുന്നു. ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും’ ഒക്കെ ലീഗില്‍ അംഗത്വം നേടിയത് മനസിലായത്.
സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. എന്നാല്‍ ആള്‍ബലമില്ലാത്ത സ്ഥലത്ത് കമ്പ്യൂട്ടര്‍ സെന്ററുകളെ ഏല്പ്പിച്ചവരുമുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ പിശകിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.