തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചതായും 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും വാർത്താക്കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022 ജൂലൈ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയിലധികം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.