ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി ഒമാന്റെ വടക്കൻ പ്രദേശങ്ങളിൽ അടുത്ത ഞായറാഴ്ച വരെ കാറ്റിനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.
മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. മിന്നലിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗം.മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളുടെ തീരങ്ങളിൽ രണ്ടു മുതൽ മൂന്നു മീറ്റർ വരെ തിരമാലകൾ ഉയർന്നേക്കും.