ന്യൂഡല്‍ഹി: പാരീസ്- ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിയുടെ പുതപ്പില്‍ മദ്യപന് മൂത്രമൊഴിച്ചു. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്കിയതിനാല് നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപന് സഹയാത്രികയുടെ മേലേക്ക് മൂത്രമൊഴിച്ചത് വിവാദമായിരുന്നു.
ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142 വിമാനത്തിലാണു സംഭവം. യാത്രക്കാരൻ മദ്യപിച്ചിരുന്നെന്നു റിപ്പോർട്ടുണ്ട്. യാത്രക്കാരനെ സിഐഎസ്എഫ് തടഞ്ഞുവെങ്കിലും പരാതി ഇല്ലാത്തതിനാൽ വിട്ടയയ്ക്കുകയായിരുന്നു. യാത്രക്കാരൻ മാപ്പ് എഴുതി നൽകിയിരുന്നു.
‘രാവിലെ 9.40നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഒരു പുരുഷ യാത്രികന് കാബിന് ക്രൂവിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിക്കുകയും പിന്നീട് ഒരു വനിതാ യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിക്കുകയും ചെയ്തതായി വിനാനത്താവള സെക്യൂരിറ്റിക്ക് വിവരം ലഭിച്ചു’, വിമാനത്താവള അധികൃതര്‍ പിടിഐയോട് പറഞ്ഞു.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സിആര്‍പിഎഫ് മദ്യപിച്ച് അതിക്രമം കാണിച്ച യാത്രക്കാരനെ പിടികൂടി. എന്നാല്‍ ഈ യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരനില്‍ നിന്ന് രേഖമൂലം മാപ്പ് എഴുതി വാങ്ങിയതായും അധികൃതർ വ്യക്തമാക്കി.
യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നല്‍കിയെങ്കിലും പിന്നീട് കേസെടുക്കുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു. ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി വഴി യാത്രക്കാരനെ പോകാന്‍ അനുവദിച്ചു.
നവംബർ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിസിനസ് ക്ലാസിൽ വനിത യാത്രക്കാരിക്കുനേരെ സഹയാത്രികൻ മൂത്രമൊഴിക്കുകയായിരുന്നു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോവുകയായിരുന്നു.
തുടർന്ന് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരനു പരാതി നല്കിയതിനുശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചത്. യാത്രക്കാരന് 30 ദിവസത്തേക്ക് എയർ ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.