തിരുവല്ല: പിണറായി സര്‍ക്കാരിന് ആശ്വാസം. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസില്‍ മന്ത്രിയ്ക്ക് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന ഹര്‍ജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോര്‍ട്ടിനെതിരെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. അതേസമയം, ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകും വരെ സജിക്കെതിരായ കേസില്‍ വിധി പറയരുതെന്ന് ആവശ്യവും കോടതി നിരാകരിച്ചു.
മല്ലപ്പള്ളി പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചെന്ന കാരണത്താലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. എന്നാല്‍ ഭരണഘടനാ വിരുദ്ധമായി ഒന്നു സംസാരിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മന്ത്രിസഭയിലേക്ക് സജി ചെറിയാന് മടക്കത്തിന് സാധ്യത തെളിഞ്ഞത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സജി ചെറിയാന് ഇന്നലെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.