കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.
പുതുവത്സര രാത്രിയില്‍ കൊട്ടിയം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പോലീസിന് ഇയാള്‍ നല്കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പോലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പോലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറിയത്.
ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്ത്.
കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്.