ഒരു വർഷത്തിനകം കേരളം സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മ പദ്ധതി, ആർദ്രം മിഷൻ രണ്ടിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികൾക്കും കൃത്യമായ ഇടവേളകളിൽ സാന്ത്വന പരിചരണ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തും. വീടുകളിൽ മെഡിക്കൽ നഴ്സിങ് പരിചരണം നൽകുന്ന പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ രജിസ്ട്രേഷൻ ഏർപ്പെടുത്തും. നിലവിലെ മുഴുവൻ കിടപ്പ് രോഗികളുടെ വിവരങ്ങൾ സമയബന്ധിതമായി ശേഖരിക്കാനും അവർക്ക് പരിചരണം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. സംസ്ഥാന പാലിയേറ്റീവ് കെയർ വിദഗ്ധ സമിതി യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
വിവിധ ഏജൻസികൾക്കും രോഗികൾക്കും പൊതുജനത്തിനും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പാലിയേറ്റീവ് കെയർ ഓൺലൈൻ പോർട്ടൽ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്ന പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾക്ക് വേണ്ടി ക്വാളിറ്റി കൺട്രോൾ സംവിധാനം ആരംഭിക്കും. തൊഴിൽപരമായി പുനരധിവസിപ്പിക്കാൻ കഴിയുന്ന പാലിയേറ്റീവ് കെയർ രോഗികൾക്ക് വേണ്ടി സംസ്ഥാനതല പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കും. ആശാ വർക്കർമാർ വീടുകളിൽ ചെന്ന് ശൈലി ആപ്പ് മുഖേന ശേഖരിക്കുന്ന ജീവിതശൈലീ രോഗ നിർണയത്തിൽ കിടപ്പിലായവർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും സമഗ്ര പാലിയേറ്റീവ് പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് സ്കൂൾ, കോളേജ് തലങ്ങളിൽ പരിശീലനം നൽകും. മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ യൂണിറ്റും പാലിയേറ്റീവ് കോഴ്സുകളും ആരംഭിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദേശം നൽകി. നഴ്സിംഗ് വിദ്യാഭ്യാസത്തിലും പാലിയേറ്റീവ് കെയറിന് പ്രാധാന്യം നൽകണം. ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകും.