തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ 43 ഹോട്ടലുകൾ പൂട്ടിച്ചു. ‘ഓപ്പറേഷന് ഹോളിഡേ’ എന്ന പേരില്‍ 429 ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടന്നത്.
ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് 22 ഹോട്ടലുകൾ പൂട്ടിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയാണ് ബാക്കിയുള്ളവ. 86 ഹോട്ടലുകൾക്ക് പിഴയിട്ടു. 52 ഹോട്ടലുകൾക്ക് താക്കീതും നൽകി.
വിവിധ ഹോട്ടലുകളിൽനിന്നായി പഴകിയ ഭക്ഷണത്തിന്റെ 44 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കടകൾ അടപ്പിച്ചത്. വൈകിട്ട് ഏഴുവരെ വരെ പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.
ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.