ന്യൂ ഡല്‍ഹി: മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകുമെന്നും പൗരന്റെ അവകാശം ലംഘിക്കുന്ന തരത്തിലുള്ള ജനപ്രതിനിധികളുടെ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബിവി നാഗരത്ന പ്രത്യേക വിധിന്യായം എഴുതി. വിദ്വേഷ പ്രസംഗങ്ങള്‍ സമത്വം. സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്നു. എന്നാല്‍ ഇന്ത്യപോലുള്ള ഒരു പാര്‍ലമെന്ററി ഡെമോക്രസിയില്‍ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമായ ഘടകമാണ്. പക്ഷെ സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാനുള്ള ചുമതലയും പൗരന്മാര്ക്കുണ്ടെന്നും ജസ്റ്റിസ് നാഗരത്ന വിധിന്യായത്തില്‍ വ്യക്തമാക്കി.
ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്ക് മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.