കഴിഞ്ഞ വര്‍ഷം 235 ചിത്രങ്ങളാണ് ഒ.ടി.ടിയിലും തിയേറ്ററുകളിലുമായി റിലീസ് ചെയ്തത്. മെഗാസ്റ്റര്‍ മമ്മൂട്ടിയുടെ വര്‍ഷം എന്ന് 2022നെ വിശേഷിപ്പിക്കാം. പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും സംവിധായകന് അമല്‍നീരദും ഒരുമിച്ച ഭീഷ്മപര്‍വ്വം വാരിക്കൂട്ടിയത് 85 കോടിക്കടുത്താണ്. മൈക്കളപ്പന്‍ എന്ന മമ്മൂട്ടി കഥാപാത്രം പ്രേക്ഷക മനസിനെ ഇളക്കി മറിച്ചു.
സി.ബി.ഐ 5 ദ് ബ്രയിന്‍, ഒ.ടി.ടി റിലീസായി എത്തിയ പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളും കോടികള്‍ വാരികൂട്ടി. നാലു സിനിമയിലും വ്യത്യസ്ത വേഷപ്പകര്‍ച്ചയിലായിരുന്നു മമ്മൂട്ടി എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഭീഷ്മപര്‍വ്വത്തിനു തൊട്ടു പിന്നില്‍ ഹൃദയം, പാപ്പന്, റോഷാക്ക്, തല്ലുമാല, ജനഗണമന, ജയ ജയ ജയ ജയഹേ, കടുവ, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളും സ്ഥാനം പിടിച്ചു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവര്‍ ഒന്നിച്ചെത്തിയ ഹൃദയം ആണ് ഏറ്റവും ജനപ്രീതി നേടിയ ചിത്രം. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം 54 കോടിയാണ് കളക്ഷന്‍ നേടിയത്.
സുരേഷ് ഗോപിയുടെ വരവ് അറിയിച്ച ജോഷി ചിത്രം പാപ്പന് 40 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വഹിച്ച കുഞ്ചാക്കോ ബോബന് ചിത്രം ന്നാ താന്‍ കേസ് കൊട് 50 കോടി കളക്ട് ചെയ്തു. ടൊവിനോ തോമസ് നായകനായ തല്ലുമാല വന്‍ വിജയം നേടി. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും അഭിനയിച്ച ജയ ജയ ജയ ജയഹേ 43.55 കോടി നേടി.
അതേസമയം, കെ.ജി.എഫ് 2, പൊന്നിയിന്‍ സെല്വന്, ആര്‍ആര്‍ആര്‍, വിക്രം, കാന്താര, അവതാര്‍ 2, എന്നീ അന്യഭാഷാ ചിത്രങ്ങളും കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയിരുന്നു. ഇവയ്ക്കും കേരളത്തില്‍ മികച്ച വിജയങ്ങള്‍ നേടാന്‍ സാധിച്ചു.