മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പില്‍ പതിനാല് പേര് കൊല്ലപ്പെട്ടു. ഇതില്‍ 10 സുരക്ഷാ ജീവനക്കാരും നാല് തടവുകാരും ഉള്‍പ്പെടുന്നു. മെക്സിക്കോയിലെ വടക്കന്‍ നഗരമായ സ്യൂഡാന്‍വാറസിലെ ജയിലിലാണ് വെടിവെയ്പുണ്ടായത്. വെടിവെയ്പ്പിനിടെ 24 ഓളം തടവുകാര്‍ ജയില്‍ ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
തടവു പുള്ളികളെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയില്‍ കടന്ന സായുധ സംഘമാണ് ആക്രമണം നടത്തിയത്. വാഹനങ്ങളില്‍ ആയുധങ്ങളുമായിട്ടാണ് സംഘം ജയില്‍ പരിസരത്ത് എത്തിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ജയിലിനുള്ളില്‍ കടന്ന സംഘം ആദ്യം പൊലീസിന് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ജയിലിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വെടിവെയ്പ്പിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടരുകയും നാല് പേരെ പിടികൂടുകയും ചെയ്തു.