തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഒരിക്കലും ഉത്കണ്ഠ ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻചാണ്ടി. സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നു. ഒരു കാര്യത്തിൽ മാത്രമാണ് സർക്കാരിനോട് പരിഭവം. അത് പരാതിക്കാരിയുടെ വാക്കുകേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതിൽ മാത്രമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ രണ്ട് അന്വേഷണം കഴിഞ്ഞ് പിന്നെ സിബിഐക്ക് വിട്ടപ്പോൾ ഏറ്റവും കുറഞ്ഞത് നേരത്തെ അന്വേഷണം നടത്തിയവരുടെ ശിപാർശയോടെ ആ നടപടി ചെയ്യുന്നതായിരുന്നു നല്ലത്. അതിന് പകരം പരാതിക്കാരിയോട് എഴുതിവാങ്ങിയ ശേഷമാണ് സിബിഐ അന്വേഷണത്തിന് പോയത്. തെളിവില്ലാതെ അന്വേഷണം നടത്തിയാൽ നീതി ബോധമുള്ള ജനങ്ങൾ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകും. സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുൻ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തിയത്. സോളാർ പീഡനകേസിൽ ഉമ്മൻ ചാണ്ടിക്ക് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു. അതിനു ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.