ഗുണ്ടൂർ: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സംഘടിപ്പിച്ച റാലിക്കിടെ വീണ്ടും ദുരന്തം. സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിച്ചു.
ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 പേരുടെ നിലഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്.
യോഗത്തിന്റെ ഭാഗമായി നടന്ന പ്രത്യേക റേഷന്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. സൗജന്യ ഭക്ഷ്യകിറ്റുകൾ വാങ്ങാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. നായിഡു വേദി വിട്ടതിന് ശേഷമായിരുന്നു സംഭവം.
നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് നായിഡുവിന്റെ റാലിക്കിടെ തിക്കിലും തിരക്കിലും ആളുകൾ മരിക്കുന്നത്. ബുധനാഴ്ച, നെല്ലൂർ ജില്ലയിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേരാണ് മരിച്ചത്. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കുണ്ടാവുകയായിരുന്നു. ഇതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകള്‍ അതില്‍ വീഴുകയായിരുന്നു.