ന്യൂഡല്‍ഹി: ഡൽഹിയിൽ പുതുവർഷ ആഘോഷത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അമൻ വിഹാർ നിവാസിയായ യുവതിയാണ് മരിച്ചത്. യുവതിയുടെ സ്കൂട്ടറിൽ കാർ ഇടിക്കുകയായായിരുന്നു. കാർ ഇടിച്ച് വീഴ്ത്തിയ 20 കാരിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു. ഡൽഹി സുൽത്താൻപുരിയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന 5 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ വിഷയത്തിൽ ഇടപെട്ടു. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്ന് ഡിസിപി ഹരേന്ദ്ര സിംഗ് അറിയിച്ചു. യുവതിയുടെ വസ്ത്രം കാറിനടിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് 4 കിലോമീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കഞ്ജ്വാല പ്രദേശത്ത് നിന്ന് നിരവധി പേർ പൊലീസിനെ ഫോൺ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പുലര്‍ച്ചെ 3.45 ഓടെ യുവതി ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി. അഞ്ച് പേരാണ് കാറിലുണ്ടായാരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറിന്റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെത്തിയത്.
അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു, എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇവർ മദ്യലഹരിയിലായിരുന്നോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.