ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. നാട്ടുകാര്‍ പുലര്‍ച്ചെ നടത്തിയ തിരച്ചിലിനൊടുവിലാണ് ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു.
ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.
കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയില്‍ രാത്രി ഒന്നേകാലോടെയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കള്‍ക്കാടിന് സമീപം വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.