വത്തിക്കാന്‍ സിറ്റി: കാലംചെയ്ത പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജനുവരി രണ്ട് (തിങ്കളാഴ്ച) മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.
റോമിലെ സെയ്ന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന സംസ്കാരച്ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രാദേശികസമയം 9.34-നാണ് വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍വെച്ച് ബനഡിക്ട് പതിനാറാമന്‍ കാലംചെയ്തത്.
2005 മുതല്‍ 2013 വരെ മാര്‍പാപ്പയായിരുന്ന ബനഡിക്ട് പതിനാറാമന്‍ 2013 ഫെബ്രുവരി 28-നാണ് സ്ഥാനംരാജിവെച്ചത്. മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍.
വത്തിക്കാനിലെ മതിലുകള്‍ക്കകത്തുള്ള മതേര് എക്ലീസിയ ആശ്രമത്തിലായിരുന്നു തന്റെ അവസാന കാലങ്ങള്‍ അദ്ദേഹം ചെലവഴിച്ചത്. രോഗബാധിതനായിതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.