മ്യാൻമർ: സാമൂഹ്യപ്രവർത്തകയും നൊബേൽ ജേതാവുമായ ആങ് സാങ് സൂചിക്ക് വീണ്ടും ജയിൽ ശിക്ഷ. അഴിമതിക്കേസിൽ ഏഴ് വർഷം കൂടി സൂചിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുമ്പോൾ മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് ശിക്ഷാ വിധി.
മുൻകേസുകളിലെ വിധി കൂടി കണക്കാക്കുമ്പോൾ സൂചിയുടെ തടവുശിക്ഷ ഇതോടെ 33 വർഷമായി. 2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂചി ഏകാന്ത തടവിലാണ്.
സൂചിക്കെതിരെ ചുമത്തിയ അവസാന അഞ്ച് കേസുകളിലാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. മന്ത്രിക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, വാക്കി-ടോക്കികൾ ഇറക്കുമതി ചെയ്തു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങി 14 വ്യത്യസ്ത കുറ്റങ്ങളിൽ സൂചിയെ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുഎൻ സുരക്ഷാ കൗൺസിൽ സൂ ചിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മ്യാൻമറിൽ പട്ടാളം അധികാരത്തിലേറിയത്. പിന്നാലെ ആയിരക്കണക്കിന് ജനകീയ നേതാക്കൾ ജയിലിലടയ്ക്കപ്പെടുകയും കൊടിയ പീഡനത്തിരയാകുകയും ചെയ്തതായാണ് റിപ്പോർട്ട്.
നിരവധി പേർ പേർ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അഞ്ച് വർഷം മ്യാൻമറിനെ നയിച്ചിരുന്നു. മുൻ ബ്രിട്ടീഷ് കോളനിയായ മ്യാന്മറിൽ 1962 മുതൽ 2011 വരെ സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. 2021 മുതൽ ഇത് വീണ്ടും തുടരുകയാണ്.